വേദപുസ്തകം പറയുന്നു. "എന്നാല്‍
സകലമനുഷ്യര്‍ക്കും നാം സര്‍വ്വ ഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും
സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു വിശേഷാല്‍ രാജാക്കന്‍മാര്‍ക്കും സകല
അധികാരസ്ഥന്‍മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും പക്ഷവാദവും
സ്തോത്രവും ചെയ്യേണം എന്നു ഞാന്‍ സകലത്തിനും മുമ്പെ
പ്രബോധിപ്പിക്കുന്നു".(1 തിമോ. 2:1-2)
നമ്മുടെ രാജ്യത്തിനായി പ്രാര്‍ത്ഥിക്കണം:
ഇന്‍ഡ്യാ മഹാരാജ്യം, നിങ്ങള്‍
താമസിക്കുന്ന രാജ്യം, നിങ്ങളുടെ സ്റ്റേറ്റ്, നിങ്ങളുടെ പട്ടണം അഥവാ
ഗ്രാമം - പ്രാര്‍ത്ഥിക്കുക. ഭരണാധിപന്‍മാര്‍ക്കായി പ്രാര്‍ത്ഥിക്കുക.
ദുര്‍ന്നടപ്പുകാര്‍ക്കായി പ്രാര്‍ത്ഥിക്കുക, ജയിലില്‍ കഴിയുന്നവരെ
അറിയാമെങ്കില്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കുക. ദേശത്തു നന്‍മ വരുവാന്‍
അഭിവൃദ്ധി വരുവാന്‍ പ്രാര്‍ത്ഥിക്കുക. രോഗികളെ അറിയാമെങ്കില്‍ അവര്‍ക്കായി
പ്രാര്‍ത്ഥിക്കുക. ഞാന്‍ ഇവിടെ എഴുതുന്ന എല്ലാ വിഷയങ്ങള്‍ക്കുമായി
പ്രാര്‍ത്ഥിക്കുക.
നിങ്ങളുടെ നാട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും ദൈവവേല ചെയ്യുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക.
സുവിശേഷ പ്രവര്‍ത്തകര്‍ ആരും
അപമാനം ഉണ്ടാക്കരുത്, ഉണ്ടാകരുത്, ദൈവവേലയില്‍ വിശ്വസ്തരായിരിക്കണം.
സല്‍പ്പേരുണ്ടാക്കണം, സുരക്ഷിതരായിരിക്കണം. ആയതിനാല്‍ സഭാ വ്യത്യാസം
കൂടാതെ പ്രാര്‍ത്ഥിക്കണം.
നിങ്ങളുടെ നാട്ടിലുള്ള മറ്റുസഭകള്‍ക്കായി പ്രാര്‍ത്ഥിക്കണം
ഇതു ശ്രദ്ധിച്ചു വായിച്ചാലും,
കത്തോലിക്ക, യാക്കോബായാ, ഓര്‍ത്തഡോക്സ്, മര്‍ത്തോമ, സി.എസ്.ഐ.,
ഇവാഞ്ചലിക്കല്‍, ലൂഥറണ്‍ (തിരുവനന്തപുരത്തു ലൂഥറണ്‍ സഭകളുണ്ട്),
ബ്രദറണ്‍, വിവിധ പെന്തെക്കോസ്തു വിഭാഗങ്ങള്‍, സ്വതന്ത്രസഭകള്‍ എന്നിങ്ങനെ
ഓരോ സഭയ്ക്കായും, സഭ അനുഗ്രഹിക്കപ്പെടാന്‍, സഭയില്‍
ഉണര്‍വ്വുണ്ടാകുവാന്‍, പിന്‍മാറ്റക്കാര്‍ മടങ്ങി വരുവാന്‍ ശ്രദ്ധയോടെ നാം
പ്രാര്‍ത്ഥിക്കണം.
ഞാന്‍ വിശദീകരിക്കാം. 100
വര്‍ഷം മുമ്പ് അമേരിക്ക, ഇംഗ്ളണ്ട്, ജര്‍മ്മനി തുടങ്ങിയ എല്ലാ
പാശ്ചാത്യരാജ്യങ്ങളിലുമുള്ള സകലരും ക്രിസ്ത്യാനികളായിരുന്നു, മുകളിലെഴുതിയ
ഏതെങ്കിലും ഒരു സഭാവിഭാഗക്കാരായിരുന്നു, സകലരും എല്ലാ ഞായറാഴ്ചയും
അപ്പനും അമ്മയും മക്കളും, കള്ളുകുടിയനും, നീതിമാനും പള്ളിയില്‍
പോയിരുന്നു.
1950 കഴിഞ്ഞപ്പോള്‍
പിന്നേയും വ്യത്യാസം വന്നു. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല, ഞാന്‍
ക്രിസ്ത്യാനിയേയല്ല എന്നുറക്കെ പറയുവാന്‍ തുടങ്ങി. ഭക്തന്‍മാരായ
പട്ടക്കാരുള്ള ഇടമറുകു കുടുംബത്തില്‍ ഒരു ഇടമറുകു ഇന്‍ഡ്യയിലെ നിരീശ്വര
പ്രസ്ഥാനത്തിന് അടിത്തറയിട്ടതുപോലെ ലോകം മുഴുവന്‍ മിഷനറിമാരെ അയച്ച
മിഷനറി സ്ഥാപനത്തിനു രൂപം കൊടുത്ത പാശ്ചാത്യ രാജ്യങ്ങളില്‍ മിഷനറിമാരുടെ
മക്കള്‍ നിരീശ്വര വാദികളായി. സ്കൂളുകളിലെ പ്രാര്‍ത്ഥന നിര്‍ത്തലാക്കി.
കോടതികളില്‍ ജഡ്ജി ഇരിക്കുന്നിടത്തെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന പത്തു
കല്‍പന പലകകള്‍ എടുത്തു മാറ്റി. പരസ്യമായി പ്രാര്‍ത്ഥിക്കുന്നത്
കുറ്റമായി പ്രഖ്യാപിച്ചു.
1970 ആയപ്പോള്‍ മറ്റൊരു
തരംഗമുണ്ടായി. മിഷനിറിമാരുടെ മക്കള്‍ മറ്റു മതക്കാരായി മാറി.
പിശാചിണ്റ്റെ സഭകള്‍ പ്രത്യക്ഷപ്പെട്ടു. കറുത്തവാവില്‍ മനുഷ്യനെ കൊന്ന്
ചോരയും ഇറച്ചിയും കത്തൃമേശയില്‍ ഭക്ഷിച്ചു, കുടിച്ചു. അവിവാഹിതരായ
ബിഷപ്പുമാര്‍ക്കും പട്ടക്കാര്‍ക്കും പരസ്ത്രീകളില്‍ മക്കളായി.
ബലാല്‍ക്കാരത്തിണ്റ്റെയും പീഡനത്തിണ്റ്റെയും ചീഞ്ഞഴുകിയ കഥകളുടെ
കെട്ടുകള്‍ പുറത്തായി. സഭ പരസ്യമായി ക്ഷമ പറഞ്ഞു. നഷ്ടപരിഹാരം കൊടുത്തു.
നൂറുവര്‍ഷം മുമ്പ് നൂറുശതമാനം
പേരും, പള്ളിയില്‍ പോയ, നൂറുകണക്കിനു വിദേശ മിഷനറിമാരെ അയച്ച നോര്‍വേ,
ബല്‍ജിയം, ഇംഗ്ളണ്ട്, ആസ്ട്രേലിയ, ഹോളണ്ട്, ജര്‍മ്മനി തുടങ്ങിയ
രാജ്യങ്ങളില്‍ ഇന്നു രണ്ടു ശതമാനം പേര്‍ ദുഃഖവെള്ളിയാഴ്ചയ്ക്കു പോലും
പള്ളിയില്‍ പോകുന്നില്ല. പള്ളിയുടെ കെട്ടിടത്തിണ്റ്റെ കരവും ഇലക്ട്രിസിറ്റി
ചാര്‍ജ്ജും കൊടുക്കുവാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ പള്ളികള്‍
വില്‍ക്കുന്നു, മറ്റു മതക്കാര്‍ അത് വാങ്ങുന്നു.
ഇംഗ്ളണ്ടിണ്റ്റെ കീഴിലുള്ള
വെയില്‍സില്‍ ഇവാന്‍ റോബര്‍ട്ട്സ് എന്ന കല്‍ക്കരി ഖനി തൊഴിലാളി ഒരു
ഉണര്‍വ്വിനായി 11 വര്‍ഷത്തോളം പ്രാര്‍ത്ഥിച്ചു.1904 ല്‍ ദൈവം ആ
മനുഷ്യണ്റ്റെ പ്രാര്‍ത്ഥന കേട്ടു. ഓരോരുത്തരായി, ഒടുവില്‍ കൂട്ടമായി
ആള്‍ക്കാര്‍ രക്ഷിക്കപ്പെട്ടത് ലോകവാര്‍ത്തയായി ഏറ്റവും ഒടുവില്‍
രക്ഷിക്കപ്പെടാത്ത ഒരാളുമില്ല എന്നത് വാര്‍ത്തയായി. നാടകശാലകള്‍,
മദ്ദ്യഷോപ്പുകള്‍, അടഞ്ഞു. ഉച്ചയ്ക്ക് ജോലി സ്ഥലത്ത് ആഹാരം
കഴിക്കുന്നതിന് പകരം ജനം കൂടിവന്നു പാടി, പ്രാര്‍ത്ഥിച്ചു. പക്ഷേ ഇന്ന്
ആ രാജ്യത്ത് രണ്ടു ശതമാനം പോലും ക്രിസ്ത്യാനികളില്ല! അതില്‍ കൂടുതല്‍
ജനങ്ങളും മറ്റുമതങ്ങളില്‍ ചേര്‍ന്നിട്ടുണ്ടെന്നു കണക്കുകള്‍
തെളിയിക്കുന്നു.
ഇന്‍ഡ്യയിലെ അമ്മമാരുടെയും
ഗുരുക്കന്‍മാരുടെയും ബാബാമാരുടെയും ആശ്രമങ്ങളില്‍ മിഷനറി
കുടുംബത്തിലുള്ളവരുടെ മക്കള്‍ അന്തേവാസികളായി വന്നു വേദങ്ങള്‍ പഠിക്കുന്നു.
പൂണൂലിടുന്നു. മദ്ദളം കൊട്ടി അഗ്നിയേയും കാറ്റിനെയും ഹൈന്ദവ ദൈവങ്ങളെയും
ആരാധിക്കുന്നു.
ഞാന്‍ പറഞ്ഞുവരുന്നതു
നിങ്ങള്‍ക്ക് മനസിലായോ? നാം നമ്മുടെ നാട്ടിലെ കത്തോലിക്കാ, യാക്കോബായ,
മാര്‍ത്തോമ്മാ, ഓര്‍ത്തഡോക്സ്, സിഎസ്‌ഐ തുടങ്ങിയ സഭകള്‍ക്കുവേണ്ടി
പ്രാര്‍ത്ഥിച്ചില്ലായെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളിലെ
ക്രിസ്ത്യാനികള്‍ക്കുണ്ടായ വിശ്വാസത്യാഗം നമ്മുടെ നാട്ടിലെ സഭകള്‍ക്കും
ഉണ്ടാകും. അതുപാടില്ല. ഇന്ന് പട്ടത്വസഭകളില്‍ പത്തുശതമാനം പേരുപോലും
ഞായറാഴ്ച പള്ളിയില്‍ പോകുന്നില്ല എന്നതു പരമാര്‍ത്ഥമാണ്. (പട്ടത്വ
സഭക്കാര്‍ പിണങ്ങരുതേ. ബഹുമാനത്തോടെ, ഈ വിഷയം ഞാന്‍ അവതരിപ്പിച്ചോട്ടെ,
നിങ്ങളുടെ നന്‍മക്കായി തന്നെ).
ബാക്കി 90 ശതമാനം പേര്‍,
ഇന്ന് നാം പ്രാര്‍ത്ഥിക്കുന്നില്ലായെങ്കില്‍ 2020 ല്‍ അഥവാ 2050 ല്‍
ക്രിസ്ത്യാനിയല്ലെന്നു തന്നെ പറയും. (ഇപ്പോള്‍ തന്നെ ഇവരിലധികം പേരും
അങ്ങനെ പറയുന്നില്ലേ? ഉണ്ട്). നാളെ അവര്‍ ഉറക്കെ പറയും, സെന്‍സസ്
റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ക്കും. പത്തോ ഇരുപതോ വര്‍ഷം കൂടി
കഴിയുമ്പോള്‍ ഇവര്‍ ഹിന്ദുക്കളോ മുസ്ളീംങ്ങളോ സാത്താന്‍ സഭക്കാരോ
ആയിത്തീരും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ നാം പ്രാര്‍ത്ഥിക്കണം.
യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്നവരോട് ചോദിക്കു. ഒരു
വെള്ളക്കാരണ്റ്റെ വീട്ടില്‍പോയി യേശുവിനെപ്പറ്റി പറയുവാന്‍ പ്രയാസമാണ്.
എന്നാല്‍ ഹരേറാം - ഹരേകൃഷ്ണക്കാരെ അവര്‍ സ്വീകരിക്കും. മുസ്ളീം
പ്രവര്‍ത്തകരെ സ്വീകരിക്കും. വേദപുസ്തകവുമായി ചെല്ലുന്നവരെ ആട്ടി
ഓടിക്കും.
ഇംഗ്ളണ്ട്, ന്യൂസിലാണ്റ്റ്,
ആസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ യേശുവിനെപ്പറ്റി പറയുവാന്‍ 50 വര്‍ഷം
ക്രിസ്ത്യാനിയായിരുന്ന, പള്ളിയില്‍ പോയിരുന്ന വെള്ളക്കാരുടെ വീടുകളില്‍
പോയി ഞാന്‍ കതകിനു മുട്ടിയിട്ടുണ്ട്. ഇംഗ്ളണ്ടില്‍ ഒരിക്കല്‍ ഒരു
പെരുമഴക്കാലത്ത് കുറഞ്ഞത് 20 വീടുകളുടെ വാതിലുകളില്‍
മുട്ടി.ഒരാള്‍പോലും എന്നെയോ എന്നോടുകൂടെയുള്ള സായ്പിനെയോ വീടിനകത്തേക്കു
ക്ഷണിച്ചില്ല. ഒരു സ്ത്രീമാത്രം അവരുടെ വീടിനകത്തു നിന്ന് എണ്റ്റെ
സാക്ഷ്യം കേട്ടു. ഞങ്ങള്‍ കൊടുത്ത പുസ്തകം വാങ്ങി എന്നാല്‍ മറ്റുപലരും
ആട്ടിയോടിച്ചു. പ്രായമായ ഒരു സ്ത്രീ ചീത്ത പറഞ്ഞു.
കത്തോലിക്കരുടെയും
യാക്കോബാക്കാരുടെയും മര്‍ത്തോമക്കാരുടെയും പെന്തെക്കോസ്തുകാരുടെയും
വീട്ടില്‍ ധൈര്യത്തോടെ വേദപുസ്തകവുമായി കയറി ചെല്ലുവാന്‍ ഇന്നു നമുക്കു
കഴിയുന്നു. ഈ സഭകളില്‍ ഉണര്‍വ്വുണ്ടാകുവാനും പിന്‍മാറ്റക്കാര്‍ മടങ്ങി
വരുവാനും നാം പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ ഇംഗ്ളണ്ടിലെ നില നമ്മുടെ
നാട്ടില്‍ വന്നു ഭവിക്കും. ഇന്നത്തെ തണുത്ത വിശ്വാസി 2020 ല്‍
നിരീശ്വരവാദിയായിത്തീരാം. ഇന്നത്തെ പിന്‍മാറ്റക്കാരന്‍ 2020 ല്‍ 2025 ല്‍
അല്ലെങ്കില്‍ ൨൦൨൫ല്‍ മറ്റു മതങ്ങളില്‍ ചേരാം. ഇപ്പോള്‍ തന്നെ ഏത്രയോ
സഭാകുഞ്ഞാടുകള്‍ ശ്രീശ്രീയുടെയും അമ്മയുടെയും ബാബായുടെയും കോലാടുകളായി.
നാളെ അവര്‍ നമുക്ക് മുന്‍പില്‍ കതക് കൊട്ടിയടച്ച്, സ്വന്ത വീടുകളില്‍
പോലും പ്രാര്‍ത്ഥന നടത്തുന്നത് തെറ്റാണെന്ന നിയമത്തിനായി അവര്‍ തന്നെ
കേസുകൊടുക്കുവാന്‍ ശ്രമിക്കും. നിങ്ങള്‍ക്കറിയാമോ പാശ്ചാത്യരാജ്യങ്ങളില്‍
പലയിടത്തും ക്രിസ്തുമസ് ദിനത്തില്‍ പുല്‍ത്തൊഴുത്തും അതില്‍
യേശുവിണ്റ്റെ രൂപവും, കടകളിലോ വീടിണ്റ്റെയോ ജനലുകളില്‍
ഉണ്ടാക്കിവയ്ക്കുന്നത് നിയമത്താല്‍ തടയപ്പെട്ടിരിക്കുകയാണ്. നമുക്കിതു
സംഭവിക്കാതിരിക്കുവാന്‍ മറ്റുള്ള സഭക്കാര്‍ക്കായി പ്രാര്‍ത്ഥിക്കാം.
ഉണര്‍വ്വുണ്ടാകട്ടെ. പിന്‍മാറ്റക്കാര്‍ മടങ്ങിവരട്ടെ. നമുക്കു
പ്രാര്‍ത്ഥിക്കാം. കാര്യമായി വേദനയോടെ, ഭാരത്തോടെ പ്രാര്‍ത്ഥിക്കാം.
നമ്മുടെ വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കാം
സഭാ യോഗത്തിലും ഉപവാസ
പ്രാര്‍ത്ഥനയിലും പ്രാര്‍ത്ഥിക്കാം. അനുവാദം ചോദിച്ച് അവരുടെ
സഭാഹാളില്‍, പള്ളിയില്‍ പോയിരുന്നു പ്രാര്‍ത്ഥിക്കുന്ന കാര്യം
ചിന്തിക്കുമോ? എന്തുകൊണ്ടു സാദ്ധ്യമല്ല. കൊലോസ്യയിലെ സഭ പൌലോസിണ്റ്റെ സഭ
ആയിരുന്നില്ല. പൌലൊസ് അവിടെ പോയിട്ടുപോലുമില്ലായിരുന്നെങ്കിലും പൌലോസ്
ഭാരത്തോടെ അവര്‍ക്കായി പ്രാര്‍ത്ഥിച്ചു. അവര്‍ക്കായി നീണ്ട ഒരു
കത്തെഴുതി.
നാമും പ്രാര്‍ത്ഥിക്കണം.
നമ്മുടെ സ്വന്തം സഭയ്ക്കായി പ്രാര്‍ത്ഥിക്കാം
ഇന്ന് ധാരാളം പേരും സ്വന്തം
സഭയുടെ കുറ്റം പറയുവാന്‍ ഒത്തിരി നേരമെടുക്കുന്നു. നാലുപേരു കൂടുമ്പോള്‍
സ്വന്തം സഭയിലെ, മറ്റുള്ളവരുടെ സഭയിലെ, ദൈവദാസന്‍മാരുടെ കുറ്റങ്ങള്‍
പറയുന്നു, രസിക്കുന്നു, ചിരിക്കുന്നു.
ചിലര്‍ ശാപമോക്ഷത്തിനുവേണ്ടി നടത്തുന്ന
ഈ വട്ടമേശ സമ്മേളനത്തിനുശേഷം ഒരു നിമിഷം, ഇവര്‍ നേരെയാകുവാനായി
പ്രാര്‍ത്ഥിക്കുന്നു. ഞാനുറപ്പിച്ചു പറയാം, ഇവര്‍ സംസാരിച്ചതില്‍ ൯൦
ശതമാനവും സത്യമല്ല. കള്ളമോ ഊതിപെരുക്കി നിറം ചേര്‍ത്ത വാര്‍ത്തകളോ ആണ്.
ഞാനൊരിക്കല്‍ റാന്നിയില്‍ എണ്റ്റെ സഹോദരിയുടെ വീട്ടിലെത്തി. രാത്രി ൧൧
മണിയായപ്പോള്‍ ഞാനവിടെ ഉണ്ടെന്നറിഞ്ഞ് മാര്‍ത്തോമ്മാസഭയുടെ ഏബ്രഹാം
ലിങ്കണ്‍ അച്ചന്‍ എന്നെ കാണാന്‍ വന്നു. കുറച്ചുനേരം ഒന്നിച്ചു
പ്രാര്‍ത്ഥിക്കാനാഗ്രഹം തോന്നി. ഞങ്ങള്‍ രണ്ടുപേരും കൂടി ചത്തോങ്കര
കാതലിക് ചര്‍ച്ചിണ്റ്റെ മുന്നിലെ ചരലില്‍ പോയിരുന്നു പ്രാര്‍ത്ഥിച്ചു.
അല്‍പം വണ്ണം കൂടുതലുള്ള അദ്ദേഹം അവിടെ ചരലില്‍ മുട്ടുകുത്തി ഒരു
മണിക്കൂറിലേറെ പ്രാര്‍ത്ഥിച്ചു. മാര്‍ത്തോമ സഭയിലെ ചില ശുശ്രൂഷകന്‍മാരുടെ
വന്നുപോയ തെറ്റുകള്‍ സ്വയം ഏറ്റുപറഞ്ഞു നെഞ്ചത്തടിച്ചു കരഞ്ഞു കൊണ്ടു
പ്രാര്‍ത്ഥിച്ചു. മറ്റുള്ള സഭാ നേതാക്കന്‍മാര്‍ക്കായി പ്രാര്‍ത്ഥിച്ചു.
എന്നെ ഇതു വളരെ
ചിന്തിപ്പിച്ചു. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന. കണ്ണുനീരില്‍ കുതിര്‍ന്ന
പ്രാര്‍ത്ഥന. ഞാന്‍ ചിന്തിച്ചുപോയി- ഇത്തരം കുറേ സഭാശുശ്രൂഷകന്‍മാര്‍കൂടി
വിവിധ സഭകളില്‍ ഉണ്ടായിരുന്നെങ്കില്‍! സ്വന്തം സഭയെപ്പറ്റി ഭാരമുള്ള
ദൈവവേലക്കാര്‍ ഉണ്ടായിരുന്നെങ്കില്‍! പക്ഷേ ഇല്ല! ഉണ്ടായിരിക്കാം. പക്ഷേ
കാണാനാകില്ല. സിംഗപ്പൂരില്‍ വച്ച് നടന്ന ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍
ഞാനൊരിക്കല്‍ സംബന്ധിക്കുകയായിരുന്നു. വിദേശത്തുതാമസിച്ചു സഭാ ശുശ്രൂഷ
ചെയ്യുന്ന ഒരു ഇന്‍ഡ്യാക്കാരനായ കാതലിക് പട്ടക്കാരനും ഉണ്ടായിരുന്നു.
അദ്ദേഹത്തില്‍ നിന്നും ഞങ്ങള്‍കേട്ട ഒരു വാര്‍ത്താശകലം ഞങ്ങളെ
ചിന്തിപ്പിച്ചു. കത്തോലിക്കാ സഭയുടെ ഒട്ടനവധി കേന്ദ്രങ്ങളില്‍ ൨൪
മണിക്കൂറും പ്രാര്‍ത്ഥന നടക്കുന്നുണ്ട്. പ്രാര്‍ത്ഥനയ്ക്കായി മാത്രം
ജീവിതം മാറ്റിവച്ച കന്യാസ്ത്രീകളും പട്ടക്കാരും ഈ സ്ഥലങ്ങളില്‍ താമസിച്ചു
പ്രാര്‍ത്ഥിക്കുന്നു: പ്രാര്‍ത്ഥനാ ചങ്ങല.
ഞാനൊരിക്കല്‍ പോട്ടയില്‍
പ്രസംഗിക്കാനായി ചെന്നപ്പോള്‍ ഒരു കന്യാസ്ത്രീ നായ്ക്കനാംപറമ്പില്‍
അച്ചനെ കാണിക്കാനായി, പുറത്തുനിന്നും പൂട്ടിയിരുന്ന ഒരു മുറിയുടെ
മുമ്പില്‍ നിര്‍ത്തി. താക്കോലുപയോഗിച്ചു മുറി തുറന്നു. അകത്ത് അച്ചന്‍
തറയില്‍ കുത്തിയിരുന്നു പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തോടു ഞാന്‍
സംസാരിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു - കാലില്‍ പലയിടത്തും
ഒട്ടകത്തിണ്റ്റെ കാലിലെ തഴമ്പുപോലെ. ദീര്‍ഘനേരം താഴെയിരുന്നു
പ്രാര്‍ത്ഥിക്കുന്നതിനാല്‍ ലഭിച്ച തഴമ്പുകളാണ്. നിങ്ങള്‍ യാക്കോബായ,
ഓര്‍ത്തഡോക്സ് സഭയിലെ തിരുമേനിമാരെയും ഭക്തരായ പട്ടക്കാരയും ഇനിയും
കാണുമ്പോള്‍ ശ്രദ്ധിക്കുക. അവരുടെ മുട്ടിലും കൈയുടെ വിരലുകളുടെ പുറത്തെ
മടക്കിലും തഴമ്പുകള്‍ കാണാം. ഓരോ ദിവസവും പല പ്രാവശ്യം മുട്ടുകുത്തി
കൈവിരലുകള്‍ മടക്കി നിലത്തിരുന്നു പ്രാര്‍ത്ഥിക്കുന്നതിനാല്‍ ലഭിച്ച
അടയാളമാണിത്.
(ഞാന്‍ എല്ലാ സഭകളെയും എല്ലാ
മഹാന്‍മാരെയും ശ്രദ്ധിക്കുന്നു. അവരിലെ നല്ല ഗുണങ്ങള്‍ പഠിക്കുന്നു.
പകര്‍ത്തേണ്ടതു പകര്‍ത്തുന്നു. അവരുടെ തെറ്റുകളും അബദ്ധങ്ങളും
പരാജയങ്ങളും എനിക്കു സംഭവിക്കാതിരിക്കുവാനും, പ്രത്യേകം ശ്രദ്ധിക്കുന്നു).
ഞാന്‍ പറയുന്നതിണ്റ്റെ സാരം ഇതാണ്. നാമും പ്രാര്‍ത്ഥിക്കണം. നമ്മുടെ
തലമുറകള്‍ക്കായി പ്രാര്‍ത്ഥിക്കണം. പേരെടുത്ത് മക്കള്‍ക്കും,
കൊച്ചുമക്കള്‍ക്കുമായി പ്രാര്‍ത്ഥിക്കണം. നമ്മുടെ സ്വന്തം സഭയ്ക്കായി
പ്രാര്‍ത്ഥിക്കണം. സഭാ നേതാക്കന്‍മാരുടെയും ശുശ്രൂഷകന്‍മാരുടെയും കുറ്റം
പറയുന്നതു നിര്‍ത്തി അവരുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാം.
(ഒരാള്‍ക്കായി ആത്മാര്‍ത്ഥമായി
ഒരു മണിക്കൂറ്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ അദ്ദേഹത്തിണ്റ്റെ
കുറ്റം പറഞ്ഞു നടക്കുകയില്ല, പരത്തുകയില്ല എന്നു ഞാന്‍ പഠിപ്പിക്കുന്നു).
മറ്റുള്ള സഭകള്‍ക്കായി 'പ്രാര്‍ത്ഥിക്കാം. അവരുടെ നന്‍മ, ഉയര്‍ച്ച,
വളര്‍ച്ച ദൈവനാമത്തിനു മഹത്വം കൊണ്ടുവരുന്നു. നമുക്കും നല്ലതാണ്. അവരുടെ
തളര്‍ച്ച നമ്മുടെ തളര്‍ച്ചയാണ്.
മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം
യേശുവിനെപ്പറ്റി
അറിഞ്ഞിട്ടില്ലാത്തവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എപ്പോഴും
സംഘര്‍ഷത്തിലാണ്. സുവിശേഷകര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍, മാനസികവും
ശാരീരികവുമായ പീഡനത്തിലാകാം. ആഹാരമില്ലാതെ, വാടകകൊടുക്കാന്‍
നിവൃത്തിയില്ലാതെ നെടുവീര്‍പ്പെടുകയുമാകാം. പ്രാര്‍ത്ഥിക്കാം. ആര്‍ക്കും
തന്നെ എല്ലാ സുവിശേഷ പ്രവര്‍ത്തനത്തെയും സഹായിക്കുവാന്‍ സാദ്ധ്യമല്ല.
ബില്‍ഗേറ്റ്സിനും സാദ്ധ്യമല്ല. എന്നാല്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്ന
ചില പ്രവര്‍ത്തകര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ കഴിയും.
പ്രാര്‍ത്ഥിക്കുക. പേരെഴുതിയിട്ടു പ്രാര്‍ത്ഥിക്കുക. വിദേശ
രാജ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കൂ. നാം ഒത്തിരി രാജ്യങ്ങളോടു
കടപ്പെട്ടവരാണ്. ദൈവം ഇല്ല എന്നു പറയുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്
അവരുടെ ഉപദേശകശ്രോതസ് രാജ്യങ്ങളോട് കടപ്പാടുണ്ട്. ചിലര്‍ക്ക്
റഷ്യയോടെങ്കില്‍ ചിലര്‍ക്ക് ചൈനയോട്. അവര്‍ ലോകത്തിലുള്ള
മറ്റെല്ലാവരെയും എതിര്‍ക്കും. പക്ഷേ ഈ രാജ്യങ്ങളുടെ ഒരു
തെറ്റിനെപ്പറ്റിയും മിണ്ടുകയില്ല. നാം കടപ്പെട്ടിരിക്കുന്ന രാജ്യങ്ങളെ
സ്നേഹിക്കണം പ്രാര്‍ത്ഥിക്കണം. ഈ രാജ്യങ്ങള്‍ അനുഗ്രഹിക്കപ്പെടട്ടെ.
ഇവിടുത്തെ സഭകള്‍ അനുഗ്രഹിക്കപ്പെടട്ടെ. സഭകളില്‍ ഉണര്‍വ്വുണ്ടാകട്ടെ.
നമ്മുടെ ഗ്രാമത്തിലെ, തഹ്സീലിലെ, ഡിസ്ട്രിക്റ്റിലെ, സ്റ്റേറ്റിലെ,
രാഷ്ട്രത്തിലെ ഭരണാധിപര്‍ക്കായി പ്രാര്‍ത്ഥിക്കാം.
No comments:
Post a Comment