ശരീരത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ എല്ലാക്കാലത്തേക്കാളുമധികം
മനുഷ്യന്‍ പണവും സമയവും ചിലവഴിക്കുന്നത് ഇക്കാലഘട്ടത്തിലാണെന്നതിന്
തര്‍ക്കമില്ല. സമ്പന്ന രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ
സമ്പത്തിന്റെ നല്ലൊരു ഭാഗം ചെലവഴിക്കുന്നത് പോഷകങ്ങള്‍ കുത്തി നിറച്ച
ആഹാരങ്ങള്‍ക്കുവേണ്‍ടിയാണ്. സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനായി
കഴിക്കുന്ന മരുന്നുകളും വളരെ വ്യാപകമാണ്. ഹോര്‍മോണുകള്‍ ശരീരത്തിന്റെ
പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനാല്‍
കൃത്രിമമായി ഹോര്‍മോണുകള്‍ കുത്തിവെച്ച് ശരീരത്തിന്റെ സ്വാഭാവിക
പ്രവര്‍ത്തനങ്ങളെ വേഗതയിലാക്കുന്നത് സര്‍വ്വസാധാരണമായി
തീര്‍ന്നുകൊണ്‍ടിരിക്കുന്നു എന്നത് അതിശയോക്തിയില്ല.