Wednesday, 28 December 2011

പഴങ്കഥകള്‍ പറയുന്ന മനുഷ്യന്‍

മാത്യു ചെമ്പുകണ്ടത്തില്‍

  ഞാന്‍ ഒരിക്കല്‍പോലും ചിന്തിക്കാന്‍ സാധ്യതയില്ലാതിരുന്ന ഒരു കാര്യം അയാളെന്നോടു പറഞ്ഞു. അന്ന് അയാളുടെ ഉദ്ദേശശുദ്ധിയെ ഞാന്‍ സംശയിച്ചു. അയാള്‍ എന്തിന് അക്കാര്യം എന്നോടു പറഞ്ഞു? കുറേനാള്‍ ഈ ചിന്ത എന്നെ അസ്വസ്ഥനാക്കിയിരുന്നു. അയാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചിലപ്പോള്‍ അനുവാദമില്ലാതെ വരുന്ന അതിഥിയെപ്പോലെ ഓര്‍മയിലെത്തും. ജോലിയും കുടുംബകാര്യങ്ങളുമായി പലതും ചിന്തിക്കാനുള്ളപ്പോള്‍ ഇനി ഇതൂകൂടി ചിന്തിച്ച് തല പുകയ്‌ക്കേണ്‍ട കയറ്റേണ്‍ട കാര്യമില്ല എന്നുറച്ച് അയാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം മറക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ശ്രമിച്ചുകൊണ്‍ടിരുന്നു.

കാലം കുറേ കഴിഞ്ഞു. ഒരിക്കല്‍ ഞാന്‍ അയാളെ അപ്രതീക്ഷിതമായി കണ്‍ടു. ഒരു മന്ദഹാസത്തോടെ അദ്ദേഹം എന്നോടു ചോദിച്ചു: 'ഞാന്‍ പണ്‍ട് പറഞ്ഞതെന്തെങ്കിലും ഓര്‍മിക്കുന്നുണ്‍േടാ?'  എനിക്ക് അത്ഭുതം തോന്നി.

'കൊല്ലം കുറേ ആയില്ലേ, എല്ലാം മറന്നു പോയിട്ടുണ്‍ടാകും. അല്ലേ ?. സാരമില്ല, അതെല്ലാം ഞാന്‍ ഒരിക്കല്‍കൂടി പറയാം' അയാള്‍തന്നേ ഉത്തരം പറഞ്ഞു.

പണ്‍ടൊരിക്കല്‍ എന്നോടു പറഞ്ഞ ആ പഴയ സംഗതിതന്നെ അയാള്‍ വീണ്‍ടും പറയുവാന്‍ തുടങ്ങി. അയാളെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നുണ്‍ട്, പക്ഷേ അയാള്‍ എന്നെ വിട്ടുപോകുന്ന ലക്ഷണമില്ല. അയാള്‍ പറയുന്നതെല്ലാം ഒരിക്കല്‍ പറഞ്ഞ സംഗതിതന്നെയാണെന്ന് ഞാന്‍ പറഞ്ഞുനോക്കി. പക്ഷേ, അയാള്‍ അതെല്ലാം ആവര്‍ത്തിച്ചുകൊണ്‍ടേയിരുന്നു.

പഴങ്കഥകള്‍ അയാള്‍ പറഞ്ഞുകൊണ്‍ടിരിക്കുമ്പോള്‍ ഞാന്‍ അയാളുടെ മുഖത്തേക്കും ശരീരത്തിലേക്കും സൂക്ഷിച്ചുനോക്കി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ അയാളെ കണ്‍ടതില്‍നിന്നും വ്യത്യസ്തമായി യാതൊരു മാറ്റവും അയാളുടെ മുഖത്തിനോ ശരീരത്തിനോ വന്നിട്ടില്ല. അയാള്‍ ഇപ്പോഴും പഴയതുപോലെ ആരോഗ്യവാനായിരിക്കുന്നു... വാച്ചിലേക്ക് കൂടെ ക്കൂടെ നോക്കിയും എനിക്ക് അല്‍പ്പം ധൃതിയുണ്‍െടന്നു പറഞ്ഞുമൊക്കെ ഒരുവിധത്തില്‍ ഞാന്‍ അയാളില്‍നിന്ന് രക്ഷപ്പെട്ടു.

പിന്നെയും കാലം കുറേ കഴിഞ്ഞു. എന്റെ യൗവനം എനിക്ക് നഷ്ടപ്പെട്ടു. സര്‍വ്വ പ്രതാപത്തോടെയുംകൂടെ ഇപ്പോള്‍ വാര്‍ദ്ധക്യം എന്നില്‍ വാഴ്ചയാരംഭിച്ചിരിക്കുന്നു. ബാല്യവും കൗമാരവും യൗവ്വനവും ഈ പ്രതാപിക്കു വഴിമാറിക്കൊടുത്തിരിക്കുന്നു. പഴയ കാലത്തിലേക്ക് ഓര്‍മയുടെ ചെറുതോണിയിലുള്ള യാത്രകളാണ് ഇപ്പോള്‍ ആഹ്ലാദം പകരുന്നത്. കാലം വരുത്തിയിരിക്കുന്ന മാറ്റങ്ങളേ മനസ്സുമാത്രം അംഗീകരിക്കുന്നില്ല. എന്നാല്‍ ദ്രവത്വത്തിന്റെ ദാസ്യത്വം ശരീരം തിരിച്ചറിഞ്ഞിരിക്കുന്നു.

ഷുഗറും പ്രമേഹവും അല്‍പ്പം വാതവും എല്ലാംകൂടി എന്നെ ഞെക്കാനും ഞെരിക്കാനും തുടങ്ങുമ്പോള്‍ പണ്‍ട് കോളജില്‍ പഠിച്ച കവിത ഓര്‍മ്മവരും

നരയും വാര്‍ദ്ധക്യവും
മന്ത്രിപ്പതെന്തേ തമ്മില്‍?
നമുക്കീ മനുഷ്യനെ
ഞെരിക്കാം, ഞെക്കിക്കൊല്ലാം...

വാര്‍ദ്ധക്യം ഞെക്കിയും ഞെരുക്കിയും ഒരുവനെ കൊല്ലുന്നതിന്റെ പീഠനം അന്നെനിക്ക് ഭാവിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഭാവന യാഥാര്‍ത്ഥ്യത്തിന് വഴിമാറിയിരിക്കുന്നു. അനുനിമിഷം ഞെക്കപ്പെട്ടുകൊണ്‍ടിരിക്കുന്ന ഈ വാര്‍ദ്ധക്യം പീഡനത്തിന്റെ തടവറയായി അനുഭവപ്പെടുന്നു. 'എന്തുചെയ്യാം, പ്രായമായില്ലേ മോനേ... തീരെ സുഖമില്ല' എന്ന നെടുവീര്‍പ്പ് വല്യപ്പച്ചനില്‍നിന്നും കേട്ടത് ഇന്നലെയെന്ന പോലെ ഓര്‍മ്മിക്കുന്നു. വല്യപ്പച്ചന്റെ കൊച്ചുമകന്‍ ഇന്ന് വൃദ്ധനായിരിക്കുന്നു... ഭിത്തിയില്‍ തുങ്ങിക്കിടക്കുന്ന വല്യപ്പച്ചന്റെയും അപ്പച്ചന്റെയും ഛായാചിത്രങ്ങള്‍... എന്നേ നോക്കി അവര്‍ നിഗൂഢമായി മന്ദഹസിക്കുന്നു!

ഒരിക്കല്‍, ഉച്ചയൂണു കഴിഞ്ഞ് ഉറക്കം തൂങ്ങിയിരിക്കുന്ന സമയമായിരുന്നു, കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. കണ്ണടയ്ക്കു മുകളിലൂടെ വാതില്‍പാളിയിലേക്ക് നോട്ടം പാഞ്ഞു ചെന്നു. കാഴ്ച അത്രയ്ക്ക് ശരിയാകുന്നില്ല, എങ്കിലും തിമിരപടലത്തിനിടയിലൂടെത്തിയ ആ അവ്യക്തരൂപത്തെ ഓര്‍മ്മയില്‍ തപ്പിയെടുത്തു. ഇത് നമ്മുടെ പഴയ ആളല്ലേ. കണ്‍ടുമുട്ടുമ്പോഴെല്ലാം ആ പഴയകാര്യംതന്നേ പറഞ്ഞുകൊണ്‍ടിരിക്കുന്ന മനുഷ്യന്‍. അത്ഭുതം!! വീണ്‍ടും അയാള്‍ വന്നിരിക്കുന്നു. കാഴ്ചയില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല, ഇപ്പോഴും പഴയതുപോലെ... നരയില്ല, വാര്‍ദ്ധക്യമില്ല... സുന്ദരന്‍, കോമ ളന്‍ !

അയാള്‍ക്കു പറയാനുള്ളത് എന്നത്തെയുംപോലെ ആ പഴയ കാര്യങ്ങള്‍തന്നെ ആയിരിക്കും എന്നതില്‍ എനിക്ക് ലേശവും സംശയ മില്ല.

'കടന്നു വരൂ' എന്നു ഞാന്‍ സ്വാഗതം പറയുന്നതുവരെ അയാള്‍ വാതില്‍ക്കല്‍തന്നെ നിന്നു. അയാളുടെ വിനയം അല്‍പ്പംകൂടി ഏറിയിട്ടേയുള്ളൂ. വേഷവിധാനങ്ങള്‍ക്കും മാറ്റമൊന്നുമില്ല. അയാള്‍ എന്റെ മുന്നില്‍ എളിമയോടെ വന്നിരുന്നു, എന്റെ മുഖത്തുനോക്കി ചെറിയൊരു പുഞ്ചിരിയോടെ അയാള്‍ എന്നോട് കുശലാന്വേഷണം നടത്തി.

''ഇപ്പോള്‍ ആവശ്യത്തിന് സമയം ഉണ്‍ട് അല്ലേ?. പണ്‍െടാക്കെ എന്നെ കാണുമ്പോള്‍ പലവഴിക്കും ഒഴിഞ്ഞുമാറിയിട്ടുണ്‍ട്. ഒന്നുരണ്‍ടുതവണ എന്റെ മുന്നില്‍വന്ന് പെടുകയും ചെയ്തിട്ടുണ്‍ ട്.

അന്നൊക്കെ ഞാന്‍ ഒരു കാര്യം പറയുമായിരുന്നു. ഒരു പഴയകാര്യം. ഇന്നും അതുതന്നെയാണ് ഞാന്‍ പറയുവാന്‍ വന്നിരിക്കുന്നത്. കേള്‍ക്കാന്‍ മടിയില്ലെങ്കില്‍....’’ -അ യാള്‍ പ റഞ്ഞു.

എനിക്കറിയാം സമയം ഇല്ലെന്നു പറഞ്ഞാലും തിരക്കാണെന്നു പറഞ്ഞാലും ഇയാള്‍ പെട്ടെന്നു പോകില്ലെന്ന്. തന്നെയുമല്ല, റിട്ടയര്‍മെന്റിനുശേഷം ശരിക്കും ജീവിതത്തില്‍ ഒറ്റപ്പെട്ടപോലെയാണ്. പണ്‍െടാക്കെ എനിക്കു സമയം ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും എന്റെ അടുക്കല്‍ വന്നിരിക്കാന്‍ കഴിഞ്ഞില്ല, ഇന്ന് എനിക്കു സമയം ഇഷ്ടംപോലെ, പക്ഷേ, മറ്റാര്‍ക്കും സമയം ഇല്ലത്രേ. ഏതായാലും അല്‍പ്പം സമയം പോകട്ടെയെന്നു കരുതി അയാളുടെ പഴങ്കഥയ്ക്കു മുന്നില്‍ ചെവികൊടുത്തിരുന്നു. അയാള്‍ ആ പഴയ കഥയുടെ ഭാണ്ഡം വീണ്‍ടും അഴിച്ചിട്ടു, കഥ പറച്ചില്‍ തുടങ്ങി. കഥയുടെ ഒടുവില്‍ ഞാന്‍ പറ ഞ്ഞു:

'സുഹൃത്തേ, ഈ കഥ നിരവധി തവണ ഞാന്‍ കേട്ടതാണ്. അതിനാല്‍ കഥയെക്കുറിച്ചോ കഥയിലേ കഥാപാത്രങ്ങളെക്കുറിച്ചോ എനിക്ക് ഒട്ടും സംശയമില്ല. എന്നാല്‍ എനിക്ക് ഈ കഥ പറഞ്ഞുതരുന്ന നിങ്ങളെക്കുറിച്ച് ഒരു കാര്യം അറിയാനുണ്‍ട്. നിങ്ങള്‍ ആരാണ്? നിങ്ങള്‍ക്ക് പ്രായമാകില്ലേ? ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ നിങ്ങള്‍ കവലയില്‍നിന്ന് മറ്റൊരാളോടു സംസാരിക്കുന്നതു ഞാന്‍ ആദ്യമായി കണ്‍ടു. അതിനുശേഷം ഞാന്‍ കോളജില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ എന്റെ സുഹൃത്തിനോടൊപ്പം താങ്കള്‍ എന്നെ കാണുവാന്‍ വന്നിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഉദ്യോഗാവശ്യാര്‍ഥം തലസ്ഥാനത്തേക്കു പോകുമ്പോള്‍ എന്റെ അടുത്തുള്ള സീറ്റിലെ യാത്രക്കാരനായിരുന്നു നിങ്ങള്‍. മറ്റൊരിക്കല്‍, എന്റെ അയല്‍വാസിയുടെ വീട്ടില്‍ വിരുന്നുകാരനായി വന്നപ്പോഴും വേറൊരിക്കല്‍ ഞാന്‍ തീര്‍ഥാടനത്തിനു പോയി മടങ്ങിവരുമ്പോഴും നിങ്ങളെ കണ്‍ടിട്ടുണ്‍ട്. അപ്പോഴെല്ലാം നിങ്ങള്‍ എന്നെ കണ്‍ട് സംസാരിച്ചിരുന്നു. എന്റെ മുഖത്തെ നീരസം നിങ്ങള്‍ കണ്‍ടില്ലെന്നു നടിച്ചു. ഒരിക്കല്‍ ഞാന്‍ നിങ്ങളെ കണ്‍ട് മുഖംതിരിച്ചു നടന്നപ്പോള്‍ നിങ്ങള്‍ എന്റെ പുറകേ വന്നു. അന്നും ഇന്നും എന്നും എനിക്ക് നിങ്ങളില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞത് ഈ പഴയ കഥ മാത്രം. ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നു, നിങ്ങള്‍ക്ക് ഈ കഥ മാത്രമേ അറിയൂ എന്ന്. എന്നാല്‍ എന്റെ അത്ഭുതം ഇതിലൊന്നുമല്ല സുഹൃത്തേ, നിങ്ങള്‍ വൃദ്ധനാകില്ലേ? കൊല്ലങ്ങള്‍ അനവധി കഴിഞ്ഞിട്ടും എന്നും യുവാവായി താങ്കള്‍ ജീവിക്കുന്നതിന്റെ രഹസ്യമെന്താണെന്ന് പറഞ്ഞുതരാ മോ?

ഉത്തരം പറയാതെ അയാള്‍ എന്റെ മുഖത്തുനോക്കി, വീണ്‍ടും മന്ദഹസിച്ചു. എന്നിട്ട് അയാള്‍ പറഞ്ഞു: എല്ലാവരും എന്നോടു ചോദിക്കുന്ന ചോദ്യം തന്നെയാണ് സുഹൃത്തേ താങ്കളും ചോദിക്കുന്നത്. ഇതിനുള്ള ഉത്തരം ഇതാ ഈ കടലാസിലുണ്‍ട്. സമയം കിട്ടുമ്പോള്‍ നോക്കിക്കോ ളൂ.

ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കിയത് അത്ഭുതംകൂറുന്ന കണ്ണുകളോടെയായിരുന്നു. ആ മുഖം ഇപ്പോള്‍ പഴയതിലും പ്രകാശിതമായിരിക്കുന്നു. എനിക്കു പതിനൊന്നു വയസ്സുള്ളപ്പോള്‍ കണ്‍ട ആ മനുഷ്യനില്‍ ഇപ്പോള്‍ യൗവ്വനം ഏറെ പ്രസരിക്കുന്നു! അതിശയം എന്നല്ലാതെ എന്തു പറയാന്‍? എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്തൊരു തേ ജസ്.

അയാള്‍ പോകുവാനായി എഴുന്നേറ്റു. കുറേ സമയംകൂടി അയാളുടെ സാമീപ്യം ഞാന്‍ ഇഷ്ടപ്പെടുന്നതായി എനിക്ക് തോന്നി. ഞാന്‍ അത് പറയാന്‍ തുടങ്ങുന്നതിനു മുമ്പേ അയാള്‍ എന്നോടു പറഞ്ഞു:
'അത്യാവശ്യമായി ഒരു വ്യക്തിയെ ക്കൂടി എനിക്ക് ഇന്ന് കാണാനുണ്‍ട്. ഇനിയൊരിക്കല്‍ വരാം. അല്ലെങ്കില്‍... അല്ലെങ്കില്‍...' പറഞ്ഞു തീരാതെ അദ്ദേഹം മുമ്പോട്ടുനീങ്ങി.

നേരം വൈകുന്നു, പടി ഞ്ഞാറേ മാനത്ത് സൂര്യന്‍ ചാഞ്ഞുതുടങ്ങിയിരുന്നു. ഇരുളും തണുപ്പും എന്റെ അന്തിക്കൂട്ടിന് ഉടനെയെത്തും. ഞാന്‍ ഒറ്റയ്ക്കുള്ള ഈ വീട്ടില്‍ ഈ രാത്രി കഴിക്കാന്‍ അയാള്‍കൂടി ഉണ്‍ടായിരുന്നെങ്കില്‍... ഈ രാത്രി മുഴുവന്‍ അയാള്‍ എനിക്കുവേണ്‍ടി ആ പഴങ്കഥ ആവര്‍ത്തിക്കുമായിരുന്നു. അതൊരു വല്ലാത്ത അനുഭവമായി മാറുമായിരു ന്നു.

അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞ ആ കഥ ഇപ്പോള്‍ എന്റെ ആത്മാവിലേക്ക് ഇറങ്ങുന്നതായി തോന്നുന്നു. എന്റെ ആത്മാവ് ആ കഥാതന്തുവില്‍നിന്നും ഉറവെടുത്ത നീര്‍ത്തടാകത്തില്‍ നീന്തിത്തുടിക്കുന്ന അനുഭ വം.

'അയാള്‍ ഇനി വരില്ലേ, എനിക്കിനിയും ആ പഴങ്കഥക്കാരനെ കാണാന്‍ കഴിയില്ലേ? മനസ്സ് ചോദിക്കുന്നു.

പുറത്തേക്കിറങ്ങി നോക്കാം. കണ്‍ടാല്‍ ഈ രാത്രി എന്നോടൊത്ത് കഴിയാന്‍ ക്ഷണിക്കാം.

ഞാന്‍ പുറത്തേക്കിറങ്ങി നോക്കി. അയാളുടെ രൂപം ദൂരെ മറയു ന്നു.

ഹൃദയത്തില്‍ നിരാശ തോന്നി. അയാള്‍ ആരെന്നറിയാന്‍ എവിടെയോ നോക്കണമെന്ന് പറഞ്ഞിരുന്നു. എവിടെയായിരുന്നു അത്? ഞാന്‍ വീട്ടിനുള്ളില്‍ കടന്നുചെന്നു. അവിടെ മേശമേല്‍ ഒരു കടലാസ് തുണ്‍ടിരിക്കുന്നു. വലിയ അക്ഷരത്തില്‍ എന്തോ എഴുതിവച്ചിരിക്കുന്നു. 'എബായര്‍ 13:8'. എന്താണിതിനര്‍ഥം? ഈ വാക്ക് ഒരുപക്ഷേ ബൈബിളില്‍ ഉള്ളതാണെന്ന് തോന്നുന്നു. ഏതായാലും സംശയംതീര്‍ക്കാം. ഞാന്‍ ബൈബിള്‍ തുറന്നു. ഹെബ്രായര്‍ എന്ന് എഴുതിയിരിക്കുന്ന ഭാഗം കണ്‍െടത്താന്‍ അല്‍പ്പം പ്രയാസപ്പെടേണ്‍ടിവന്നു. ഞാന്‍ വായിച്ചു....

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല...

ഇത് നേരോ.... അവന്‍... അവന്‍...

ഓ... ദൈവമേ...

No comments:

Post a Comment