Wednesday, 4 January 2012

എഡ്വേര്‍ഡ് കിംബാള്‍: ഒരു വിശ്വസ്ത ദാസന്‍

കെ കെ ഷാജി



എഡ്വേര്‍ഡ് കിംബാള്‍ എല്ലാ അര്‍ഥത്തിലും ഒരു സാധാരണക്കാരനായിരുന്നു. ഒരു ചെറിയ ജോലി ചെയ്തു താമസിക്കുന്നതോടൊപ്പം അടുത്തുള്ള ഒരു ചെറിയ സഭയില്‍ ആരാധിച്ചു വന്നിരുന്ന ഒരു ചെറുപ്പക്കാ­രന്‍. ആഴ്ചതോറും എഡ്വേര്‍ഡ് ഒരു ബൈബിള്‍ ക്ലാസ്സ് നടത്താറുണ്‍ടായിരുന്നു. ഒരിക്കല്‍ ഡ്വയ്റ്റ് എന്ന ഒരു യുവാവ് തന്റെ ഒരു ക്ലാസ്സില്‍ പങ്കെടുത്തു. ഡ്വയ്റ്റിന് ബൈബിളിനെക്കുറിച്ച് വേണ്‍ടത്ര അറിവൊന്നുമില്ലായിരു­ന്നു.



ഒരു ശനിയാഴ്ച്ച എഡ്വേര്‍ഡ് തന്റെ സണ്‍ഡേസ്‌കൂള്‍ പാഠങ്ങള്‍ തയ്യാറാക്കുന്നതിനിടയില്‍ ഡ്വയ്റ്റ് ജോലിചെയ്യുന്ന ചെരിപ്പുകടയില്‍ പോകുവാന്‍ ദൈവം ഒരു പ്രേരണ കൊടുത്തു. അതനുസരിച്ച് അവിടെച്ചെന്ന് ഡ്വയ്റ്റിനെ കാണുകയും അന്ന് ആ യുവാവ് കര്‍ത്താവിനായി തന്റെ ഹൃദയം സമര്‍പ്പിക്കയും ചെയ്തു. പില്‍കാലത്ത് ലോകം അറിയപ്പെടുന്ന ശക്തനായ സുവിശേഷകനായ ഡ്വയ്റ്റ് എല്‍ മൂഡിയായിരുന്ന ആ യുവാവ്.

ഇംഗ്ലണ്‍ടിലെ ഒരു ചെറിയ സഭയുടെ പാസ്റ്ററായിരുന്ന ഫ്രെഡറിക്ക് ബി. മേയര്‍ 1879-ല്‍ ഡി.എല്‍ മൂഡിയുടെ ശുശ്രൂഷയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്‍ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയുണ്‍ടായി. ഒരിക്കല്‍ അദ്ദേഹം അമേരിക്കയിലെ ഒരു കോളേജ് കാമ്പസില്‍ വെച്ചു നടത്തിയ പ്രസംഗത്താല്‍ ജെ. വില്‍ബര്‍ ചാപ്മാന്‍ എന്ന സ്റ്റുഡന്റിനെ ക്രിസ്തുവിലേക്ക് നയിച്ചു. അദ്ദേഹം പിന്നീട് വൈ.എം.സി.എ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. മുന്‍ ബേസ്ബാള്‍ കളിക്കാരനായിരുന്ന ബില്ലി സണ്‍ഡേ എന്ന യുവാവിനെ സുവിശേഷ വേലക്കായി വേര്‍തിരിച്ചു. നോര്‍ത്ത് കരോലിനയില്‍ ബില്ലി സണ്‍ഡെയുടെ നേതൃത്വത്തില്‍ അവിടുത്തെ ചെറുപ്പക്കാര്‍ ഒരുക്കിയ സുവിശേഷ യോഗത്തില്‍ പ്രസംഗിക്കാന്‍ മോര്‍ദേഖായി ഹാം എന്ന സുവിശേഷകനേ ക്ഷണിക്കുകയും അദ്ദേഹത്തിന്റെ പ്രസംഗം കേട്ട ബില്ലി ഗ്രഹാം എന്ന യുവാവ് കര്‍ത്താവിനായി തന്റെ ജീവിതം സമര്‍പ്പിക്കയും ചെയ്തു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേരോട് സുവിശേഷമറിയിക്കാന്‍ ദൈവം ഉപയോഗിച്ച ബില്ലി ഗ്രഹാമായിരുന്നു ആ ചെറുപ്പക്കാ­രന്‍..

നോക്കക, എഡ്വേര്‍ഡ് കിംബാള്‍ എന്ന ചെറുപ്പക്കാരന്‍ വിശ്വസ്തതയോടെ നടത്തിയ ചെറിയ ബൈബിള്‍ ക്ലാസ്സ് മുഖാന്തിരം എത്ര ആയിരങ്ങളാണ് പിന്നീട് കര്‍ത്താവിനെ അറിയാന്‍ ഇടയായത്.

ഒരുത്തന്‍ പ്രസംഗിക്കുന്നു എങ്കില്‍ ദൈവത്തിന്റെ അരുളപ്പാടുകള്‍ പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തന്‍ ശുശ്രൂഷിക്കുന്നു എങ്കില്‍ ദൈവം നല്കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാന്‍ ഇടവരട്ടെ. (1 പത്രൊസ് 4:11). നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്നത്തെ പ്രസംഗകര്‍ മീഡിയകളാല്‍ നിയന്ത്രിക്കപ്പെടുന്നവരും സ്റ്റേജ് ഷോ നടത്തുന്ന പപ്പെറ്റുകളുമായിത്തീര്‍ന്നുകൊണ്‍ടിരിക്കുന്നു. യഥാര്‍ഥ സത്യം പ്രഘോഷിക്കാതെ അവ സാഹചര്യത്തിനൊത്ത് മറച്ചുവെയ്ക്കുകയും കേള്‍വിക്കാര്‍ക്ക് കര്‍ണ്ണരസമാകുമാറു പലതും പറഞ്ഞു സ്വയം മഹത്വം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സത്യസുവിശേഷം പറയാതെ ജനത്തിന് പാപബോധം വരുത്താന്‍ ശ്രമിക്കാതെ കൈയ്യടിയും കൈമടങ്ങും വാങ്ങി അവര്‍ വേദി വിട്ടിറങ്ങുന്നു. ആത്മഭാരമുള്ളവര്‍ക്ക് എങ്ങനെ മാനസാന്തരത്തിനൂള്ള ഉപദേശം ജനത്തിന് കൊടുക്കാതെ വേദി വിടാനാകും? ഒരിക്കലും സാധ്യ­മല്ല.

സുവിശേഷം കേട്ടു മാനസാന്തരപ്പെടുന്ന ഒരു വ്യക്തിമൂലം പിന്‍കാലത്ത് എത്ര ആയിരങ്ങളായിരിക്കും ദൈവ രാജ്യത്തിന് അവകാശികളാകാന്‍ പോകുന്നതെന്ന് ആര്‍ക്ക് പ്രവചിക്കാന്‍ കഴിയും? ആകയാല്‍ ഇനി നമുക്ക് ദൈവവചനമെന്ന വിത്ത് വിശ്വസ്തതയോടെ കരഞ്ഞുംകൊണ്‍ടു വിതെക്കാം, ഒരിക്കല്‍ കറ്റ ചുമന്നും ആര്‍ത്തുംകൊണ്‍ടു വരുവാന്‍ ഇടയാകും.

No comments:

Post a Comment