Wednesday, 4 January 2012

പുതു­വ­ത്സര ചിന്ത­കള്‍

ബഞ്ചമിന്‍ ഇടക്കര


പോയ­വര്‍ഷത്തിലെ സംഭ­വ­വി­കാ­സ­ങ്ങ­ളുടെ വിട്ടു­മാ­റാത്ത ഓര്‍മ്മ­കളെ തൊട്ടു­രുമ്മി പുതു­വര്‍ഷ പുലരി ഉദി­ച്ചു­യര്‍ന്നു കഴി­ഞ്ഞു. കളിച്ചു തീര്‍ന്ന പദപ്രശ്‌ന­ത്തിന്റെ (പസ്ല്‍) ഒടുവില്‍ ഇനിയും കളി­ക്കണൊ എന്ന ചോദ്യ­വു­മായി രണ്ടാ­യി­രത്തി പന്ത്രണ്ട് വന്നു നില്‍ക്കു­ന്നു. ജീവി­ച്ചി­രി­ക്കു­ന്ന­വന്റെ മുമ്പില്‍ കളി­യ്ക്കു­വാ­നുള്ള തിര­ഞ്ഞെ­ടു­പ്പ­ല്ലാതെ (ഓ­പ്ഷന്‍) മറ്റൊ­ന്നില്ല തന്നെ.
ഭീക­ര­വാ­ദ­ത്തിന്റെ ചുക്കാന്‍ പിടിച്ച് ലോക രാഷ്ട്ര­ങ്ങ­ളുടെ ഉറക്കം കെടു­ത്തിയ ഉസാമ ബിന്‍ ലാദനെ നീണ്ട പത്തു­വര്‍ഷത്തെ വേട്ട­യാ­ട­ലി­നൊ­ടു­വില്‍ വക­വ­രു­ത്തി­യ­തി­ലൂടെ അമേ­രിയ്ക്ക ഉണ്ടാ­ക്കിയ നേട്ട­ത്തിന്റെ കണക്ക് ക്ലോസു ചെയ്യാ­നാ­കാതെ ഭീകര പ്രവര്‍ത്തനം ഇപ്പോഴും ലോക രാഷ്ട്ര­ങ്ങ­ളുടെ ഉറക്കെ കെടു­ത്തു­ന്നു. ഈജി­പ്റ്റി­ലും, ലിബി­യ­യിലും മറ്റ് അറേ­ബ്യന്‍ രാജ്യ­ങ്ങ­ളിലും അടി­ച്ചു­യര്‍ത്തിയ ജനാ­ധി­പ­ത്യ­ത്തിന്റെ വിപ്ലവ കൊടു­ങ്കാറ്റ് ലോക സമാ­ധാ­ന­ത്തിനു നല്‍കാന്‍ പോകുന്ന സംഭാ­വ­ന­കള്‍ വലി­യൊരു ചോദ്യ­ചി­ഹ്ന­മായി നമ്മുടെ മുമ്പില്‍ നില്‍ക്കു­ക­യാ­ണ്.

തെറ്റും ശരിയും കൂട്ടിക്കിഴിച്ച് ഉത്തരം കണ്ടെ­ത്താന്‍ പ്രയാ­സ­മെ­ങ്കിലും അമേ­രി­യ്ക്ക­ക്കാര്‍ക്ക് തെല്ലൊ­ന്നാ­ശ്വ­സി­യ്ക്കാന്‍ വക നല്‍കുന്ന ഒന്നു­ണ്ട്. ഏക­ദേശം ഒമ്പതു വര്‍ഷം നീണ്ടു നിന്ന ഇറാക്ക് യുദ്ധം അവ­സാ­നി­ച്ചി­രി­യ്ക്കു­ന്നു. നികുതി ദായ­ക­രുടെ എണ്ണൂറു ബില്യന്‍ ഡോളര്‍ ചാമ്പ­ലാ­ക്കിയ ഈ യുദ്ധം അമേ­രി­യ്ക്ക­യു­ടെയും സഖ്യ­ക­ക്ഷി­ക­ളു­ടെയും പ്രതി­ച്ഛാ­യ­യ്ക്കു­ണ്ടാ­ക്കിയ അപ­മാനം രാജ്യ­സ്‌നേ­ഹി­ക­ളായ പട­യാ­ളി­കള്‍ക്കും, അവ­രുടെ കുടും­ബാം­ഗ­ങ്ങള്‍ക്കും ഉണ്ടാ­ക്കി­വച്ച ഉണ­ങ്ങാത്ത മുറി­വു­ക­ളും, നിര­പ­രാ­ധി­ക­ളായ ഇറാ­ക്കിലെ ജന­ങ്ങള്‍ക്കു­ണ്ടായ ആള്‍ നാശ­ത്തിനും ദുരി­ത­ങ്ങള്‍ക്കു­മുള്ള പ്രായ­ശ്ചി­ത്ത­മാ­കു­മൊ­യെ­ന്നത് ഉത്ത­ര­മി­ല്ലാത്ത ചോദ്യം. ഇല­ക്ഷന്‍ വര്‍ഷ­ത്തില്‍ ഒബാ­മയ്ക്ക് അവ­കാ­ശ­പ്പെ­ടാ­നൊരു നേട്ടം എന്ന­തി­ലു­പരി ഈ യുദ്ധം അവ­സാ­നി­ച്ച­തു­കൊണ്ട് ആഗോള ഭീക­രതാ ഭീഷ­ണി­യ്‌ക്കെന്തു നേട്ട­മാ­ണു­ണ്ടാ­ക്കി­? ലോക­ത്തിനു ഭീഷ­ണി­യായി വളര്‍ന്നു കൊണ്ടി­രി­ക്കുന്ന ഇറാന് സഖ്യത നേടാന്‍ പോരുന്ന രീതി­യില്‍ ഇറാ­ക്കിന്റെ നില­മൊ­രുക്കിയെന്ന­തി­ന­പ്പുറം ഇപ്പോ­ഴത്തെ പിന്മാറ്റം കൊണ്ട് എന്തെ­ങ്കിലും നേടിയൊ എന്ന് കാണാന്‍ അധികം കാത്തി­രി­യ്‌ക്കേണ്ടി വരി­ല്ല.

പ്രകൃ­തി­ക്ഷോ­ഭ­ങ്ങ­ളുടെ ലീലാ­വി­ലാസം കൊണ്ട് പൊറു­തി­മുട്ടി നില്‍ക്കുന്ന ജപ്പാന് മദ്ധ്യ പൗരസ്ത്യ ദേശ­ങ്ങ­ളുടെ രാഷ്ട്രീയ സ്ഥിര­തയും അതി­പ്ര­ധാ­ന­മാ­ണ്. 90% ക്രൂഡോ­യി­ലിനും ഈ രാജ്യം മദ്ധ്യ പൗരസ്ത്യ രാഷ്ട്ര­ങ്ങളെ ആശ്ര­യി­ക്കു­വെ­ന്ന­താണ് അതി­നുള്ള കാര­ണം. പോയ വര്‍ഷ­ങ്ങ­മു­ണ്ടായ സുനാ­മി­ക്കെ­ടു­തിയും അതിനെ തുടര്‍ന്ന് ഫുക്കു­ഷിമാ ന്യൂക്ലി­യര്‍ പ്ലാന്റ് ഉണ്ടാ­ക്കിയ ഭീഷ­ണിയും പേടി­സ്വ­പ്ന­മായി നമ്മുടെ മന­സ്സില്‍ ഇപ്പോഴും ഞെട്ട­ലു­ള­വാ­ക്കു­ന്നില്ലെ? വാസ്ത­വ­ത്തില്‍ ഇത്തരം പ്രതി­സ­ന്ധി­കളെ അഭി­മു­ഖീ­ക­രി­ക്കാ­നുള്ള ജപ്പാന്‍ ജന­ത­യുടെ മന:ധൈര്യത്തെ അഭി­ന­ന്ദിച്ചെ പറ്റു. തീയില്‍ കുരുത്ത ഈ കൊച്ചു രാജ്യ­ത്തിന് ലോക സമ്പത് വ്യവ­സ്ഥി­തി­യി­ലുള്ള സ്വാധീനം കുറ­ച്ചൊ­ന്നു­മ­ല്ലെന്ന് അറി­യാ­ത്ത­വര്‍ ചുരു­ങ്ങും. ആഗോള സമ്പദ് വ്യവ­സ്ഥിതി സാമ്പ­ത്തിക മാന്ദ്യ ദുരിതം നേരി­ടുന്ന ഈ സമ­യത്ത് ലോക രാഷ്ട്ര­ങ്ങ­ളിലെ­വി­ടേയും ഉണ്ടാ­കുന്ന ചല­ന­ങ്ങ­ളുടെ പ്രതി­ഫ­ലനം ലോക­ത്തി­ലെ­ല്ലാ­യി­ടത്തും പ്രക­മ്പ­ന­മു­ണ്ടാ­ക്കു­മെ­ന്നത് അനു­ഭ­വി­ച്ചു­കൊ­ണ്ടി­രി­യ്ക്കു­ന്ന­വ­രാ­ണല്ലൊ നമ്മള്‍. യൂറൊ മേഖ­ല­യിലെ സാമ്പ­ത്തിക പ്രതി­സ­ന്ധിയ്ക്കു കാര­ണ­മായ ഗ്രീസി­ലും, ഇറ്റ­ലി­യിലും ഉണ്ടായ രാഷ്ട്രീയ കോളി­ള­ക്ക­ങ്ങള്‍ കണ്ട­റി­ഞ്ഞ­വ­രാണ് നമ്മള്‍. ഈ രാജ്യ­ങ്ങള്‍ കട പ്രതി­സ­ന്ധിയെ അതി­ജീ­വി­യ്ക്കാന്‍ ഈയിടെ എടുത്ത നട­പ­ടി­കള്‍ യൂറൊ നിക്ഷേ­പ­കര്‍ക്കി­ട­യില്‍ തെല്ലൊ­രാ­ശ്വാസം പകര്‍ന്ന­തി­ലാണ് യൂറോ മാര്‍ക്ക­റ്റില്‍ ഉയര്‍ച്ച­യു­ണ്ടാ­യ­തെന്ന് ഇട­പാ­ടു­കാര്‍ പറ­യു­ന്നു. എന്നാല്‍ പുതു­വര്‍ഷ­ത്തിന്റെ ആരംഭ മാസ­ങ്ങ­ളില്‍ തന്നെ സര്‍ക്കാ­റിന്റെ കട­ക്കെ­ണി­യുടെ ചൂഷി­ത­വ­ലയം യൂറോ­പ്യന്‍ സമ്പത് വ്യവ­സ്ഥയെ പിന്നേയും തകര്‍ത്തു കള­യു­മെന്ന് യൂറോ­പ്യന്‍ കമ്മീ­ഷന്‍ തന്നെ മുന്ന­റിവ് നല്‍കി കഴി­ഞ്ഞു.

പുതു­വര്‍ഷ­ത്തില്‍ സാമ്പ­ത്തിക കെടു­തി­യില്‍ നിന്നും കര­ക­യ­റാ­നുള്ള വെല്ലു­വിളി അമേ­രി­യ്ക്ക­യില്‍ ചാരം പൂണ്ടു കിട­ക്കു­ക­യാ­ണ്. കാര്യ­ങ്ങള്‍ നേരാം­വണ്ണം അറി­യു­ന്ന­വര്‍ക്ക് എല്ലാം ശരി­യാ­യി­ക്കൊ­ള്ളു­മെന്ന ചിന്താ­ഗ­തി­യു­മായി കഴി­യുന്ന സമൂ­ഹത്തെ ഭയ­ത്തോടെ മാത്രമെ കാണാ­നാ­വൂ. ഉള്ളില്‍ ചീഞ്ഞു നാറി സംക്ര­മി­ക്കുന്ന വ്രണത്തെ പുറമെ പൊതി­ഞ്ഞു­വെച്ച് സുഖ­പ്പെ­ടു­മെന്നു കരു­തു­ന്ന­വ­രെ­പ്പോ­ലെ­യാണ് ഇക്കൂ­ട്ടര്‍. 160 മില്യണ്‍ വരുന്ന തൊഴി­ലാളി വര്‍ഗത്തെ എതി­രേല്ക്കാനിരുന്ന നികുതി ഭാരത്തെ അടുത്ത രണ്ടു­മാ­സ­ത്തേക്ക് ഒബാമാ ഭര­ണ­ത്തിന് തള്ളിനീക്കാ­നാ­യതു തന്നെ അവ­സാന നിമി­ഷ­ത്തി­ലാ­ണ്. അതും വരാന്‍ പോകുന്ന പ്രസി­ഡന്റ് തെരഞ്ഞെടുപ്പി­ല്‍ വോട്ടു ചെയ്യേ­ണ്ട­വരെ ഭയ­ന്നു­ള്ളൊരു തീരു­മാനം മാത്രം.

അമേ­രി­യ്ക്കയ്ക്ക് ഇതു ഇല­ക്ഷന്‍ വര്‍ഷം. ഇപ്പോ­ഴത്തെ സ്ഥിതി നോക്കി­യാല്‍ ഒബാ­മ­യ്‌ക്കൊരു രണ്ടാ­മൂ­ഴ­ത്തി­നുള്ള സാധ്യത നന്നെ കുറ­വാ­ണ്. അതു­കൊണ്ടു തന്നെ റിപ്പ­ബ്ലി­ക്കന്‍ ഭാഗത്ത് പ്രസി­ഡന്റാ­വാന്‍ പൊരു­തു­ന്ന­വ­രുടെ മത്സ­ര­ത്തിനും പണ്ടെ­ന്നത്തേക്കാളും വാശി­യു­ണ്ട്. പൂര്‍വ്വ പിതാ­ക്ക­ന്മാ­രുടെ മാര്‍ഗ്ഗം പിന്തു­ട­രുന്ന ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി (ജി.­ഒ.­പി.) എന്ന ഓമ­ന­പ്പേ­രിട്ടു വിളി­ക്കു­ന്ന­വ­രാണ് റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി­ക്കാര്‍. സാന്മാര്‍ഗ്ഗിക അധ:പത­ന­ത്തിനു വഴി­തെ­ളിച്ച അബോര്‍ഷ­നും, ക്ലോണിം­ഗി­നും,
എംബ്രി­യോ­ണിക് സ്‌റ്റെം സെല്‍ ഗവേ­ഷ­ണ­ത്തി­നും, സ്വവര്‍ഗ്ഗ വിവാ­ഹ­ത്തി­നു­മൊക്കെ എതിരെ കടുത്ത നില­പാടു സ്വീക­രി­യ്ക്കു­ന്ന­വ­രാ­യി­രുന്നു റിപ്പ­ബ്ലി­യ്ക്ക­ന്മാര്‍. കാല­ങ്ങള്‍ മാറി­യ­പ്പോള്‍ പാര്‍ട്ടി­യ്ക്കു­ള്ളില്‍ തന്നെ ഇത്തരം പ്രശ്‌ന­ങ്ങ­ളോട് അയ­വുള്ള ചിന്താ­ഗതി വച്ചു പുലര്‍ത്തു­ന്ന­വര്‍ വര്‍ദ്ധി­ച്ചി­രി­ക്കു­ന്നു. അധി­കാര മത്സ­ര­ത്തിന് വോട്ടേ­ഴ്‌സിനെ സ്വാധീ­നിക്കാന്‍ ഏതൊരു സ്ഥാനാര്‍ത്ഥിയും കളി­ക്കാ­റുള്ള അവ­സ­ര­വാദം ഇവി­ടേയും ഇല്ലെ­ന്നി­ല്ല. എന്നാല്‍ ഇത്തരം അവ­സ­ര­വാദവുമായി വിശ്വാസ സമൂ­ഹ­ത്തിന്റെ നേതൃ നില­യി­ലു­ള്ള­വര്‍ വന്നാ­ലുള്ള സ്ഥിതി ഈ രാജ്യ­ത്തിന്റെ ധാര്‍മ്മിക അധ:പത­നത്തെ മറ നീക്കി കാണി­ക്കു­ന്നു.

അമേ­രി­യ്ക്ക­യുടെ ചരിത്രം സത്യ ദൈവാ­രാ­ധ­ന­യില്‍ നിന്നു വേര്‍തി­രിച്ചു നിര്‍ത്തി പഠി­യ്ക്കാ­നാ­വി­ല്ല. എന്നാല്‍ അമേ­രി­യ്ക്കന്‍ ഡോള­റില്‍ കാണുന്ന “ഇന്‍ ഗോഡ് വി ട്രസ്റ്റ്” നീക്കം ചെയ്യാ­നുള്ള അണി­യറ നീക്ക­ങ്ങള്‍ എന്നേ തുടങ്ങി കഴി­ഞ്ഞു. സുപ്രീം കോട­തി­യുടെ കെട്ടി­ട­ത്തില്‍ സ്ഥാപി­ച്ചി­രുന്ന പത്തു കല്പ­ന­ക­ളുടെ സ്മാരകം എടുത്തു മാറ്റാ­ത്ത­തിന്റെ പേരില്‍ പുറ­ത്താ­ക്കിയ ചീഫ് ജസ്റ്റിസ് പൂര്‍വ്വ­പിതൃനിന്ദ­യുടെ രക്ത സാക്ഷി­യാ­ണെന്നു വേണം കരു­താന്‍. സ്വവര്‍ഗ­ര­തി­ക്കാരെ പട്ടാ­ള­ത്തില്‍ ചേര്‍ക്കാ­നുള്ള അനു­മതി നല്‍കു­ന്ന­താ­യി­രുന്നു ഒബാമ ഭര­ണ­ത്തിന്റെ നേട്ട­ങ്ങ­ളി­ലൊ­ന്ന്. സ്വവര്‍ഗ വിവാഹം നിയമ വിധേ­യ­മാ­ക്കുന്ന സ്റ്റേറ്റു­ക­ളുടെ എണ്ണം ഇവിടെ വര്‍ദ്ധിച്ചു വരു­ന്നു. ഇതി­നി­ട­യില്‍ ക്രിസ്റ്റ്യന്‍ ബ്രോഡ്കാസ്റ്റ് നെറ്റു­വര്‍ക്കി­ന­നു­വ­ദിച്ച അഭി­മു­ഖ­ത്തില്‍ മോര്‍മോണ്‍ (കള്‍ട്ടു ഗ്രൂപ്പ്) വിശ്വാ­സി­യായ മിറ്റ് റോമ്‌നി പ്രസി­ഡണ്ടു സ്ഥാനാര്‍ത്ഥിക്ക് യോഗ്യ­നെന്ന് പ്രസ്താ­വിച്ച് ബില്ലി ഗ്രഹാ­മിന്റെ മകന്‍ ഫ്രാങ്കി­ലിന്‍ ഗ്രഹാം വിശ്വാസ ലോകത്തെ അമ്പ­ര­പ്പി­ച്ചി­രി­യ്ക്കു­ന്നു. വിശ്വാ­സി­കളെ തിരു­വെ­ഴു­ത്തു­കള്‍ക്കെ­തിരെ വോട്ടു ചെയ്യാന്‍ വഴി­തെ­റ്റി­ക്കുന്ന ഫ്രാങ്കി­ളിന്‍ മാന­സാ­ന്ത­ര­പ്പെ­ടണ­മെന്ന് യുഎ­സ്എ ക്രിസ്റ്റ്യന്‍ മിനി­സ്ട്രീ­സിന്റെ പ്രസി­ഡന്റായ പാസ്റ്റര്‍ സ്റ്റീവന്‍ ആന്‍ഡ്രു ആവ­ശ്യ­പ്പെട്ടു കഴി­ഞ്ഞു.

ആശ­യ­ക്കു­ഴ­പ്പ­ങ്ങ­ളു­ടേ­യും, ആശ­ങ്ക­യു­ടേയും മുമ്പോ­ട്ടുള്ള നാളു­കളെ കാണി­ച്ചു­കൊണ്ട് ഈ പുതു­വര്‍ഷം നമ്മെ എതി­രേ­ല്ക്കു­ക­യാ­ണ്. ഇതു­വരെ എഴു­തി­യ­തില്‍ പ്രതീ­ക്ഷയ്ക്കു വക നല്‍കു­ന്ന­തൊന്നും നമ്മള്‍ കണ്ടി­ല്ല. ഉസാ­മയെ നശി­പ്പി­ച്ചതു കൊണ്ടൊ, നോര്‍ത്ത് കൊറി­യന്‍ പ്രസി­ഡന്റായ കിംഗ് ജോഗ് ഇല്‍ മരി­ച്ചതു കൊണ്ടോ ന്യൂക്ലി­യര്‍ ഭീഷ­ണി­യൊ, ഭീക­ര­വാ­ദമൊ ലോക­ത്തില്‍ നിന്ന് നീക്കാ­നാ­വി­ല്ല. ഏതെ­ങ്കി­ലു­മൊരു നേതാ­വിന് ലോകം നേരി­ടുന്ന സാമ്പ­ത്തിക പ്രതി­സ­ന്ധി­യില്‍ നിന്നും സമ്പദ് വ്യവ­സ്ഥയെ സ്ഥിര­പ്പെ­ടു­ത്താ­നാ­വി­ല്ല. ഏതെ­ങ്കി­ലു­മൊരു ആത്മീയ നേതാ­വിനെ അനു­ക­രി­യ്ക്കാ­മെന്നു വച്ചാല്‍ അദ്ദേഹം നിങ്ങളെ വഴി­തെ­റ്റി­യ്ക്കാ­നി­ട­യു­ണ്ട്. ഇവിടെ ഈ പുതുവത്സ­ര­ത്തില്‍ നാം ഒരു­പോലെ ആഗ്ര­ഹി­യ്ക്കുന്ന ഒന്നുണ്ട്, നമ്മെ നയി­ക്കാന്‍ കഴി­വുള്ള ഒരു നേതാ­വിനെ യൂറോ­പ്യന്‍ യൂണി­യ­നാ­യാ­ലും, അമേ­രി­യ്ക്ക­യി­ലാ­യാ­ലും, ഇന്ത്യ­യി­ലാ­യാലും ലോക­ത്തിന്റെ ഏതു രാജ്യ­മെ­ടു­ത്താലും കാര്യ­ക്ഷ­മ­ത­യുള്ള ഒരു നേതാ­വി­നായി ജന­ങ്ങള്‍ ആഗ്ര­ഹിച്ചു തുട­ങ്ങി­യി­രി­ക്കു­ന്നു. ഏക സമൂഹ വ്യവ­സ്ഥി­തി­യായി മാറി­ക്ക­ഴിഞ്ഞ ലോകം ഇനി കാത്തി­രി­യ്ക്കു­ന്നത് ഒന്നു മാത്രം. തങ്ങളെ ഭരി­യ്ക്കാന്‍ കഴി­വുള്ള ഒരു നേതാ­വിനെ ലോകം ഉറ്റു നോക്കു­ന്നു. അതെ ബൈബിള്‍ പറഞ്ഞ എതിര്‍­ക്രി­സ്തു­വെന്ന ആ നേതാ­വിന്റെ രംഗ പ്രവേ­ശ­ന­ത്തി­നുള്ള പെരു­മ്പ­റ­യടി അധികം ദൂര­ത്ത­ല്ലാതെ മുഴങ്ങി കേള്‍ക്കു­ന്നു­ണ്ട്. നാടകം തുട­ങ്ങാന്‍ ഇനി കര്‍ട്ടന്‍ ഉയ­രു­കയെ വേണ്ടു. അത് രണ്ടാ­യി­രത്തി പന്ത്ര­ണ്ടില്‍ ആക­ട്ടെ­യെന്ന് നമുക്ക് പ്രാര്‍ത്ഥി­യ്ക്കാം. എതിര്‍­ക്രി­സ്തു­വി­നോ­ടൊപ്പം വാഴാ­നുള്ള കൊതി­കൊ­ണ്ട­ല്ല, അതിനു മുമ്പേ മദ്ധ്യാ­കാ­ശ­ത്തില്‍ തന്റെ കാന്തയെ ചേര്‍ക്കാന്‍ ആത്മ മണ­വാ­ളന്‍ വന്നി­രിക്കു­മെന്ന ഉറ­പ്പു­കൊ­ണ്ടാ­ണത്. ആക­യാല്‍ നിങ്ങ­ളുടെ മനസ്സ് ഉറ­പ്പിച്ചു നിര്‍മ്മ­ദ­രായി യേശു­ക്രി­സ്തു­വിന്റെ പ്രത്യ­ക്ഷ­ത­യി­ങ്കല്‍ നിങ്ങള്‍ക്കു വരു­വാ­നുള്ള കൃപ­യില്‍ പൂര്‍ണ്ണ പ്രത്യാശ വെച്ചു­കൊള്‍വിന്‍. ആമ്മേന്‍ കര്‍ത്താവെ വേഗം വരേ­ണ­മെ­യെന്ന പ്രാര്‍ത്ഥ­ന­യോടും തയ്യാ­റെ­ടു­പ്പോടും കൂടെ ഈ പുതു­വ­ത്സ­ര­ത്തില്‍ കാലെ­ടുത്തു വയ്ക്കാന്‍ സര്‍വ്വ ശക്തന്‍ നമുക്ക് ഏവര്‍ക്കും കൃപ നല്‍ക­ട്ടെ.

No comments:

Post a Comment